നികുതി വെട്ടിച്ച്‌ കേരളത്തില്‍ സര്‍വീസ് നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

0

മലപ്പുറം: നികുതി വെട്ടിച്ച്‌ കേരളത്തില്‍ സര്‍വീസ് നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കെ.എ 03 എ.എഫ് 4938 എന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള, ഗുണ്ടല്‍പേട്ട് സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കോണ്‍ട്രാക്‌ട് കാര്യേജ് വാഹനമാണ് ദീര്‍ഘനാളത്തെ നികുതി വെട്ടിച്ചുള്ള സവാരിക്കൊടുവില്‍ കഴിഞ്ഞ ദിവസം രാത്രി മഞ്ചേരിയില്‍ വെച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായത്.


പിടിച്ചെടുത്ത വാഹനത്തിന് നികുതി ഇനത്തിലും മറ്റു ഗതാഗത നിയമലംഘനങ്ങള്‍ക്കെല്ലാം ചേര്‍ത്ത് 51,000 രൂപ പിഴ ഈടാക്കി. പരിശോധനയില്‍ പെടാതിരിക്കാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും രജിസ്‌ട്രേഷൻ പ്ലേറ്റില്‍ കൃത്രിമം നടത്തിയാണ് വാഹനം ഓടിയിരുന്നത്. ഇതര സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് പെര്‍മിറ്റ് എടുത്ത് നികുതിയൊടുക്കണം. എന്നാല്‍ ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പ്രൈവറ്റ് വാഹനങ്ങള്‍ക്ക് ചെക്ക്‌പോസ്റ്റില്‍ വച്ച്‌ പെര്‍മിറ്റ്, ടാക്‌സ് എന്നിവ അടയ്‌ക്കേണ്ടതില്ല.

കോണ്‍ട്രാക്‌ട് കാര്യേജിന്റെ മഞ്ഞ നമ്ബര്‍ പ്ലേറ്റ് മാറ്റി പ്രൈവറ്റ് കാറെന്ന് തോന്നിപ്പിക്കുന്നതിനായി വെള്ള നമ്ബര്‍ പ്ലേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. സംശയം തോന്നിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലെന്നും കേരളത്തിലേക്ക് കടക്കുന്നതിനുള്ള പെര്‍മിറ്റ് ഇല്ലെന്നും നിയമപരമായ നികുതി ഒടുക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷൻ പ്ലേറ്റിന്റെ കളര്‍ മാറ്റിയതെന്നും മനസ്സിലായി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിഴ അടച്ചതോടെ രാത്രി തന്നെ വാഹനം വീട്ടുകൊടുത്തു. എൻഫോസ്‍മെന്റ് ആര്‍.ടി.ഒ ഒ. പ്രമോദ് കുമാറിന്റെ നിര്‍ദേശപ്രകാരം എം.വി.ഐ എം.കെ പ്രമോദ് ശങ്കര്‍, എ.എം.വി.ഐമാരായ ഷൂജ മാട്ടട, പി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top