മാര്‍ച്ച്‌ ഒന്നുമുതല്‍ ദീര്‍ഘദൂര സ്വകാര്യ ബസുകൾക്കുള്ള താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന തീരുമാനം; നടപടി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം.

0

സംസ്ഥാനത്ത് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം മാര്‍ച്ച്‌ ഒന്നിന് നിലവില്‍ വരും.
കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരവും യാത്രക്കാര്‍ക്കും സ്വകാര്യ ബസുടമകള്‍ക്കും തിരിച്ചടിയുമായേക്കാവുന്ന തീരുമാനം പിന്‍വലിപ്പിക്കാന്‍ വന്‍സമ്മര്‍ദമാണ് ഗതാഗത വകുപ്പിനുമേലുള്ളത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മേല്‍ സര്‍വിസ് നടത്താന്‍ അനുമതി നല്‍കേണ്ടെന്ന തീരുമാനം 2014 ലാണ് ഹൈകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ എടുക്കുന്നത്. സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ അനുവദിക്കുന്നില്ല.

പിന്നീട്, 2022 ഒക്ടോബറില്‍ റൂട്ട് ദേശസാത്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ കാലതാമസവും ഗതാഗത ക്ലേശവും പരിഗണിച്ച്‌ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് നാലു മാസത്തേക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കുകയായിരുന്നു. ഇതിന്‍റെ കാലാവധിയാണ് 2023 ഫെബ്രുവരി 28ന് അവസാനിക്കുന്നത്. 

പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാകുമെന്നതിനാല്‍ താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കേണ്ടെന്നാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്ത് ഏകദേശം 200 ബസുകളെയാണ് നടപടി ബാധിക്കുക. ഇതില്‍ ഏറെയും മധ്യകേരളത്തില്‍നിന്ന് മലബാറിലെ കുടിയേറ്റ മേഖലകളിലേക്ക് സര്‍വിസ് നടത്തുന്നവയാണ്. മധ്യകേരളത്തില്‍ സര്‍ക്കാറിനോട് ഏറെ അടുപ്പമുള്ള മുന്‍ ബിഷപ്പിന്‍റെ നേതൃത്വത്തില്‍ ഗതാഗതവകുപ്പിന്‍റെ തീരുമാനം പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. 

ഇടുക്കിയുടെയും എറണാകുളത്തിന്‍റെയും മലയോര മേഖലയിലുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ തീരുമാനമെന്നതാണ് ബിഷപ്പിന്‍റെ ഇടപെടലിന് പ്രധാന കാരണം. ഇതിനായി നിയമം ഭേദഗതി ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.പരീക്ഷ ആരംഭിച്ചിരിക്കുന്ന ഈ സമയത്ത് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാത്തത് വിദ്യാര്‍ഥികള്‍ക്ക് യാത്രാ ദുരിതം സൃഷ്ടിക്കുമെന്ന് ബസുടമകളും ചൂണ്ടിക്കാട്ടുന്നു. ഏറെയും വനമായ ഇടുക്കിയില്‍ 140 കിലോമീറ്റര്‍ ആയി ബസ് സര്‍വിസ് നിജപ്പെടുത്തിയാല്‍ ഏതെങ്കിലും ഉള്‍ വനങ്ങളില്‍ സര്‍വിസുകള്‍ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ബസുടമകളുടെ നിലപാട്. ഇടുക്കി ജില്ലയില്‍ പ്രത്യേക പരിഗണന നല്‍കി പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്ന് കോതമംഗലം ബസ് ഓണേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top